Pages

കഥക്കാലം

Monday, January 6, 2014

പുലിയും പെണ്‍കുട്ടിയും

.                         




പ്രഭാതം കിഴക്ക് മൈലാഞ്ചി പൂശി. തേന്മാവിൽ ഇരുന്ന് കാക്ക കരഞ്ഞു. അമ്മാളു അപ്പോഴും ഉണർന്നിരുന്നില്ല..കാക്ക അവളെ വിളിച്ചു.
"അമ്മാളൂ , നീയെന്തേ ഉണരാത്തത് ? കണ്ണുകൾ തുറക്കൂ. താമരപ്പൂക്കൾ അല്ലി വിടർത്തി; നിന്റെ കണ്താമരയല്ലികൾ  ഇനിയും വിടരാത്തതെന്താണ് ?" കാക്ക തുടർന്നു : "നിന്റെ ഏഴ് ആങ്ങളമാരും അവരുടെ ഭാര്യാ വീടുകളിൽ നിന്ന് വരാറായി.അവർ വരും മുൻപേ മുറ്റം അടിച്ചു തളിക്കണ്ടേ? പ്രാതൽ ഒരുക്കണ്ടേ ?"
അമ്മാളു ഉണർന്ന് കണ്ണ് തിരുമ്മി. അവൾ ചോറിൻ കലവുമെടുത്ത് മാവിൻ ചുവടിലേക്ക് പോയി. അത്താഴത്തിന്റെ കുറെ വറ്റുകൾ അതിൽ ബാക്കിയുണ്ടാവും .അത്  കാക്കയ്ക്ക് കൊടുക്കുകയാണ് പതിവ്. കലത്തിലെ വറ്റുകൾ വാരിയെടുത്ത് അവൾ കാക്കയെ വിളിച്ചു.കാക്ക വേഗം പറന്നെത്തി. അവൾ നോക്കിയപ്പോൾ കാക്കയുടെ ചുണ്ടിൽ അവൾക്കൊരു സമ്മാനം!മനോഹരമായൊരു ചെമ്പകപ്പൂവ്.ചെമ്പകപ്പൂവ് അവൾക്ക് ജീവനാണ്.
കാക്ക ചുണ്ടിൽ  നിന്ന് പൂവ് ഇട്ടുകൊടുത്തു.അമ്മാളു പൂവെടുത്ത് ചുംബിച്ചു.തന്റെ കവിളിൽ വെച്ച് തടവി. അവൾക്ക് കവിളിലും കരളിലും  രോമാഞ്ചമുണർന്നു.പൂവും ചൂടി അവൾ കുളക്കരയിലേക്ക്‌ പോയി.കുളി കഴിഞ്ഞു വീണ്ടും അടുക്കളയിൽ എത്തി.ആങ്ങളമാർക്കുള്ള  ചോറും കറികളും ഒരുക്കി.
പണി തീർന്നപ്പോൾ അവൾ വീണ്ടും പുറത്ത് വന്നു.അപ്പോഴും തേന്മാവിൻ കൊമ്പിൽ  ഇരിക്കുന്നുണ്ടായിരുന്നു.
"കാക്കേ, ആ ചെമ്പകമരം എവിടെയാണ് ?എനിക്കൊന്നു കാണിച്ചു തരൂ."
എന്റെ പിറകെ പോരൂ " കാക്ക പറഞ്ഞു.
അത് പറക്കുവാൻ തുടങ്ങി.അമ്മാളു പിന്തുടർന്നു. അവർ സമീപത്തുള്ള ഒരു വനത്തിലെത്തി. അവിടെ നിറയെ പൂക്കളുമായി ഒരു .ചെമ്പക മരം നിൽക്കുന്നു. ചെമ്പകപ്പൂവിന്റെ പരിമളം അവിടെയെല്ലാം അലയടിച്ചിരുന്നു.അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
കാക്ക പൂക്കൾ ഓരോന്നായി     കൊത്തിയടർത്തിയിട്ട് തുടങ്ങി. പുളിയിലക്കരയൻ മുണ്ട് കൊണ്ട് അമ്മാളു കുമ്പിൾ ഉണ്ടാക്കി.അത് നിറയെ പൂക്കൾ  സംഭരിച്ചു.

ആങ്ങളമാരുടെ ഭാര്യമാർക്ക് ഈ പൂക്കൾ  കൊടുക്കണം " പെട്ടെന്നാണ് അവളുടെ കണ്ണുകൾ ചെമ്പക മരച്ചോട്ടിൽ എത്തിയത് .അവിടെ എന്തോ തിളങ്ങുന്നു.അവൾ സൂക്ഷിച്ചു നോക്കി.ആറു കണ്ണുകളാണ് വെട്ടി തിളങ്ങുന്നത്. ആദ്യമവൾക്ക്  ഭയമുണ്ടായി.,ഒപ്പം അദ്ഭുതവും.
മൂന്ന് പുലിക്കുഞ്ഞുങ്ങൾ ! ആ ചെമ്പക മരച്ചുവട്ടിൽ പുലിമട ഉണ്ടായിരുന്നു. ഭയമുണ്ടായെങ്കിലും അവൾ ആ മടയുടെ അരികിൽ  ചെന്നു .ഉടനെ മൂന്നു കുഞ്ഞുങ്ങളും മുറുമ്മിക്കൊണ്ട് അവളുടെ അരികിലേക്ക് ചെന്നു.
അമ്മാളു അവയെ വാരിയെടുത്ത് വീട്ടിൽ കൊണ്ട് പോയി.അമ്മാളു പുലി കുഞ്ഞുങ്ങളെ ഒരു തൊട്ടിലിൽ കിടത്തി ആട്ടി. ഉണർന്നപ്പോൾ കുളിപ്പിച്ചു.അവയുടെ കണ്ണുകളിൽ അഞ്ജനമെഴുതി .ചോറ് ഉരുട്ടിക്കൊടുത്തു .വീണ്ടും തൊട്ടിലിൽ കിടത്തി ഉറക്കി. ഉണർന്നപ്പോൾ പുലിമടയിൽ തിരിച്ചു കൊണ്ട് ചെന്നാക്കി.
കുറെ കഴിഞ്ഞപ്പോൾ തള്ളപ്പുലി മടങ്ങി വന്നു.അവിടെയെല്ലാം മനുഷ്യമണം ഉള്ളതായി അവൾക്കു തോന്നി. കോപം കൊണ്ട് അവളുടെ കണ്ണുകൾ ജ്വലിച്ചു.  അടിമുടി വിറച്ച് കൊണ്ടവൾ ചോദിച്ചു :
"സത്യം പറയണം , നിങ്ങൾക്ക് മനുഷ്യന്റെ മണം ഉണ്ട് .
ഇതെങ്ങനെയുണ്ടായി.?നിങ്ങളെ കുളിപ്പിച്ചതാരാണ് ഹാ! നിങ്ങളുടെ കണ്ണുകളും എഴുതിയിട്ടുണ്ടല്ലോ.നിങ്ങൾ ചോറും ഉണ്ട് അല്ലെ ?ഇതെല്ലാം ചെയ്തത് ആരാണ് പറയൂ ?"
"ഇല്ല ഞങ്ങൾ പറയില്ല.  കൊല്ലും. ഞങ്ങൾക്ക് ഭയമാണ് " കുഞ്ഞുങ്ങൾ പറഞ്ഞു.നടു
"സത്യം പറഞ്ഞാൽ  ഞാൻ കൊല്ലുകയില്ല. നിങ്ങൾക്ക്  തുണ നൽകിയതല്ലേ .അത് കൊണ്ട് ഞാൻകൊല്ലുകയില്ല." അമ്മയുടെ വാക്കുകൾ  കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ചു.അവർ പറഞ്ഞു.
ചെമ്പകപ്പൂ  പോലൊരു  മനുഷ്യപെണ്‍കുട്ടി ഇവിടെ പൂ പെറുക്കാൻ വന്നു.അവളാണ് ഞങ്ങളെ വീട്ടിലേക്ക് കൊണ്ട് പോയത് "
"അവൾ എവിടെയാണ് കാണിച്ചു തരൂ. "
"ആ തീപുകയുന്ന വലിയ തറവാടില്ലേ അവിടെ തന്നെ."
പെണ്‍ പുലി കുഞ്ഞുങ്ങളെ മുലയൂട്ടി അവയുടെ ശരീരമാകെ നക്കി വെടിപ്പാക്കി. അവളുടെ മിന്നി തിളങ്ങുന്ന ക്രൂരമായ കണ്ണുകൾക്ക്  മുന്നിൽ ആ പുലിക്കുട്ടികൾ ചാടിക്കളിച്ചു .
അമ്മാളു ധൃതിയിൽ അടുക്കള പണികൾ ചെയ്യുകയായിരുന്നു .ഒരു ശബ്ദം കേട്ട് അവൾ പുറത്ത് വന്നു നോക്കി. ഒരു പെണ്‍ പുലിയുണ്ട് പുറത്ത് വന്നു നിൽക്കുന്നു .അവളാകെ ഞെട്ടി വിറച്ചു."ഈശ്വരാ രക്ഷിക്കണേ " അവൾ നിലവിളിച്ചു .
 പുലി കോപം കൊണ്ടലറി. "എടീ പെണ്ണേ , നീയാണോ എന്റെ കുഞ്ഞുങ്ങളെ തൊട്ടത് ?" അമ്മാളു ആലില പോലെ വിറച്ചു. അവളുടെ കണ്ണിലൂടെ ചുടു കണ്ണീർ ഒഴുകി. അവൾ ഗദ്ഗദത്തോടെ പറഞ്ഞു. "വാത്സല്യം കൊണ്ട് മാത്രമാണ് ഞാൻ അവയെ എടുത്തത് .
പുലി അവഞ്ജയോടെ പറഞ്ഞു.:
മനുഷ്യർക്കെവിടെയാണ് വാത്സല്യം ?  തമ്മിൽ തല്ലി  തല കീറുന്ന നിങ്ങൾക്കാണോ വാത്സല്യം നിങ്ങൾക്കന്യോന്യം സ്നേഹമില്ല .പിന്നെയല്ലേ പുലിയെ സ്നേഹിക്കുക ! ആകട്ടെ നിന്ന്റെ സ്നേഹിക്കുന്നവരായി ആരെങ്കിലുമുണ്ടോ ? ഒന്ന് കാണിച്ചു തരൂ. "
"ഏഴാങ്ങള മാരുടെ കൊച്ചു പെങ്ങളാണ് ഞാൻ. അവരെല്ലാം എന്നെ സ്നേഹിക്കുന്നുണ്ട്."
"അവരെവിടെയാണ് " പുലി ചോദിച്ചു.
"അവരെല്ലാം നാത്തൂന്മാരുടെ വീടുകളിലാണ് " അമ്മാളു പറഞ്ഞു .
"ശരി, നമുക്കങ്ങോട്ടു പോകാം .അവരാരെങ്കിലും നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാം "
നീ എന്റെ കഴുത്തിൽ കയറി ഇരുന്നോളൂ .അവർ നിന്നെ സ്നേഹപൂർവ്വം സ്വീകരിച്ചാൽ എനിക്ക് സന്തോഷമായി .അവർ നിന്നെ സ്വീകരിക്കാതിരുന്നാൽ ഞാൻ നിന്നെ കടിച്ചു കൊന്ന് പകരം വീട്ടും "
അമ്മാളുവിനെ കഴുത്തിൽ കയറ്റി പുലി ആങ്ങളമാരുടെ വീടുകള നോക്കി നടന്നു. ആങ്ങളയുടെ വീട്ടിലേക്കാണ് ചെന്നത്.ആങ്ങളയും നാത്തൂനും കിന്നാരം പറഞ്ഞിരിക്കുകയായിരുന്നു. വാതിൽ അടച്ചിരുന്നതിനാൽ പുലി വന്നത് അവർ കണ്ടില്ല.പടിവാതിലിനു പുറത്ത് നിന്ന് കൊണ്ട് അമ്മാളു വിളിച്ചപേക്ഷിച്ചു .
"എന്റെ പൊന്നാങ്ങളെ , മൂത്തോരാങ്ങളെ ,
എന്നെയിപ്പോൾ വന്നു കൈക്കൊള്ളണേ
അലിവുള്ളോരാങ്ങളയെന്റെ  മൂത്താങ്ങളെ
പുലി തിന്നും മുമ്പെന്നെ രക്ഷിക്കണേ "

"ആരോ കരയുന്നു. അമ്മാളുവിന്റെ ശബ്ദം പോലുണ്ടല്ലോ ഞാൻ അന്വേഷിക്കട്ടെ." മൂത്ത ആങ്ങള പറഞ്ഞു
"ഓ ,ഇപ്പോൾ അമ്മാളു വന്നു വിളിക്കില്ല .അയൽപക്കത്ത്‌ ചക്കാട്ടുന്ന ഒച്ചയാണ്‌. "നാത്തൂൻ പറഞ്ഞു .കുറെ നേരം കഴിഞ്ഞിട്ടും കതക് തുറക്കാതെ ആയപ്പോൾ പുലി അമ്മാളുവിനെയും കൊണ്ട് രണ്ടാമത്തെ ആങ്ങളയുടെ വീട്ടിൽ പോയി.

രണ്ടാമത്തെ ആങ്ങളയും നാത്തൂനും വെറ്റില മുറുക്കി രസിക്കയായിരുന്നു. അവിടെയും വാതിൽ അടച്ചിട്ടിരുന്നു.പടി വാതിൽക്കൽ ഒരു ശബ്ദം കേട്ട് ആങ്ങള ചെവിയോർത്തു .
"രണ്ടാമത്തോരാങ്ങളെ , പൊന്നൊരങ്ങളേ
പുലിക്കഴുത്തിൽ വന്നു ഞാൻ എന്നെ രക്ഷിക്കണേ "
അമ്മാളുവിന്റെ വിലാപം അയാൾ കേട്ടു  .'അതാരാണ്? അമ്മാളുവിന്റെ വിളി പോലെ തോന്നുന്നല്ലോ "ആങ്ങള പറഞ്ഞു.
"ഓ ,അമ്മാളു ഇപ്പോൾ വരില്ല ,അത് അയലത്തെ വീട്ടിൽ തയിർ കലക്കുന്ന ഒച്ചയാണ്‌ " വളരെ അലസമായി നാത്തൂൻ  പറഞ്ഞു. അവരും വാതിൽ തുറന്നില്ല.
പുലിക്കഴുത്തിൽ ഇരുന്ന് ആറാങ്ങളമാരുടെയും പടിവാതിൽക്കൽ ചെന്ന് അമ്മാളു വിളിച്ചു .ആരും അവളുടെ നിലവിളി കേട്ടില്ല. ഒടുവിൽ അവൾ ഏഴാമത്തെ കുഞ്ഞാങ്ങളയുടെ വീട്ടിലേക്കു പോയി. പാലപ്പൂവിന്റെ പരിമളം വഴിയിലെങ്ങും വീശിയിരുന്നു .കൊതുമ്പ് നിരന്ന പാടങ്ങളും നെല്ലികൾ പൂത്ത താഴ്വരകളും കടന്ന് അവൾ ഏഴാമത്തെ ആങ്ങളയുടെ മാളികപ്പടിക്കൽ ചെന്നു .അവിടെയും ആരെയും കണ്ടില്ല. അമ്മാളു ഏങ്ങലടിച്ചു വിളിച്ചു പറഞ്ഞു.

"ഏഴാമത്തൊരാങ്ങളേ കുഞ്ഞാങ്ങളെ ,
പുലി തിന്നും മുമ്പെന്നെയേറ്റു വാങ്ങൂ ..."

കുഞ്ഞാങ്ങളയ്ക്ക് അത് അമ്മാളുവിന്റെ സ്വരം ആണെന്ന് തോന്നി . "നമ്മുടെ അമ്മാളുവിന്റെ സ്വരമാണല്ലോ കേൾക്കുന്നത് " അയാള് ഭാര്യയോട്‌ പറഞ്ഞു  "അതെ, നമ്മുടെ അമ്മാളുവിന്റെ ശബ്ദം പോലുണ്ട്." നാത്തൂനും പറഞ്ഞു. അവർ പെട്ടെന്ന് വാതിൽ തുറന്നു .
പുലിക്കഴുത്തിലിരിക്കുന്ന അമ്മാളുവിനെ കണ്ട് അവരാകെ ഭയപ്പെട്ടു .പുലിയുടെ കണ്ണുകളിൽ നിന്ന് തീ ചിതറുന്നത് പോലെ തോന്നി .ദംഷ്ട്രകൾ പുറത്ത് കാണാമായിരുന്നു. അമ്മാളു പുലിമോതിരം കഴുത്തിലിട്ടിട്ടുണ്ട് .അവളുടെ ചുരുൾ മുടികൾ കഴുത്തിലൂടെ വീണിഴയുന്നുണ്ട് .വിളറിയ കവിളിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടുമിരുന്നു.  അവൾ ഒരു പ്രേതത്തെപ്പോലെ പുലിക്കഴുത്തിൽ മരവിച്ചിരിക്കയാണ് .ആങ്ങളയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു. എന്നാലും ധൈര്യം അവലംബിച്ചു ചോദിച്ചു: "എന്താണിത് ?" "നിങ്ങൾക്ക് ഇവളെ തിരിച്ചു കിട്ടണം എന്നുണ്ടോ ?
പുലി ചോദിച്ചു
"തീർച്ചയായും .എനെ കുഞ്ഞു പെങ്ങളാണിവൾ .അവളെ മടക്കിത്തരിക "
"ശരി തന്നെ. മടക്കിത്തരുവാൻ വിരോധമില്ല .ഇപ്പോൾ ഇവൾ  എന്റെ കൂടി കുട്ടി ആയി തീർന്നിരിക്കുന്നു . നിങ്ങൾ ഇവളെ കാര്യമായി വളർത്തണം .സംരക്ഷിക്കണം.പ്രായമാകുമ്പോൾ ഇണങ്ങിയ പുരുഷന് കല്യാണം കഴിച്ചു വേണം. പുടമുറി കല്യാണത്തിനു എന്നെ കൂടി ക്ഷണിക്കുവാൻ മറക്കരുത് .എന്നെ വിളിക്കാതിരുന്നാൽ ഞാൻ വന്നു ഇവളെ കൊല്ലും; ഓര്ത്ത് കൊള്ളണം മൂത്ത കുഞ്ഞിനെ കൊന്നു തിന്നുക ഞങ്ങളുടെ പതിവാണ് . വാക്ക് തെറ്റിക്കരുത് "പുലി ആങ്ങളയെ ധരിപ്പിച്ചു.
കുഞ്ഞാങ്ങള എല്ലാം സമ്മതിച്ചു. പുലി ഉടനെ അമ്മാളുവിനെ തോളിൽ നിന്ന് ഇറക്കി യാത്ര പറഞ്ഞു മടങ്ങിപ്പോയി.
ചെമ്പകം നാല് വട്ടം പൂത്തു. വയലുകൾ കതിരിട്ടു. പുലിക്കുഞ്ഞുങ്ങൾ വളർന്നു .കാടുകൾ കുലുക്കി  ഇടിമുഴക്കങ്ങൾ സൃഷ്ടിച്ചു. അമ്മാളുവും വളർന്നു .കല്യാണ പ്രായമായപ്പോൾ ആങ്ങളമാർ  പുടമുറി കല്യാണവും നിശ്ചയിച്ചു. ഏഴാങ്ങള മാരും കല്യാണ നിശ്ചയത്തിനു ഒരുമിച്ചു കൂടി.

കല്യാണ നിശ്ചയം കഴിഞ്ഞപ്പോൾ ഏഴാമത്തെയാങ്ങള പുലി പറഞ്ഞ കാര്യങ്ങൾ ഓർത്തു .അയാള് ജ്യേഷ്ഠൻ മാരോട് പറഞ്ഞു.
"അമ്മാളുവിന്റെ പുടമുറി കല്യാണമാണല്ലൊ നമുക്ക് ആ പുലിയെ കൂടി കല്യാണത്തിനു ക്ഷണിക്കണ്ടേ?"
കുഞ്ഞാങ്ങള പറഞ്ഞത് കേട്ട് ആങ്ങളമാരെല്ലാം പൊട്ടി ചിരിച്ചു. അവർ പറഞ്ഞു :
"ഇവനൊരു പൊട്ടനാണ്‌ .ഏതോ പേടി സ്വപ്നം കണ്ടതാവാം .എവിടെയാണ് മനുഷ്യന്റെ കല്യാണത്തിനു പുലിയെ വിളിക്കുന്ന പതിവ്. നീ പിച്ചു പറയാതെ.പുലി പോയി തിന്നട്ടെ .നമുക്കിവിടെ പുടമുറി കല്യാണം കേമമായി നടത്താം."

അമ്മാളുവിന്റെ  പുടമുറി കല്യാണം ആഘോഷമായി നടന്നു. വിരുന്ന് സൽക്കാരം  കഴിഞ്ഞ ശേഷം ആങ്ങളമാർ ആറ് പേരും  വീടുകളിലേക്ക് പോയി. ഏഴാമത്തെ ആങ്ങളയുടെ ശങ്ക മാറിയില്ല. പുലി വരുമെന്ന് തന്നെ അയാൾ  ഭയപ്പെട്ടു. അയാൾ  കരുതലും ചെയ്തു.

അമ്മാളുവിനും മണവാളനും തട്ടുമ്പുറത്ത് കിടപ്പുമുറി ഒരുക്കി.ഒരു കാരണവശാലും മുറി തുറക്കരുത് താക്കീത് ചെയ്തു. മുറിയുടെ ചുറ്റും വാല്യക്കാരെ കാവലിരുത്തി. കാളൻ പട്ടിയെ മുറ്റത്ത് കാവലിനാക്കി.ഒരു കൊമ്പനാനയെ പടി വാതിലിൽ തളച്ചു, പടിവാതിൽ ഭദ്രമായി പൂട്ടിയിട്ടു. ഇത്രയും ഒരുക്കങ്ങൾ ശേഷം ആങ്ങള ഭാര്യ വീട്ടിലേക്ക് പോയി .
അമ്മാളുവിന് ഉറക്കം വന്നില്ല.മണവാളൻ കൂര്ക്കം വലിച്ച് ഉറങ്ങി .മുറിയ്ക്കകത്ത് വിളക്ക് മങ്ങുകയും ആളുകയും ചെയ്തു. അവൾ ഉൽകണ്ഠ  ഇരിക്കുകയാണ് .ഇടയ്ക്ക് ചെവിയോർക്കുന്നു മുണ്ട്

പാതിരാത്രിയായി പുലി അലറുന്നത് ദൂരേന്നു കേൾക്കുന്നതായി അമ്മാളുവിനു തോന്നി.അവളാകെ ഞെട്ടി വിറച്ചു. ഏങ്ങലടിച്ചു കരഞ്ഞു. കാടിളക്കി പുലി തുള്ളി വരികയാണ്  .
അടുത്ത് കിടന്ന   ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചു. നാവു പൊങ്ങുന്നില്ല .കൈകൾ മരവിച്ചു പോയി.ശബ്ദം കണ്ഠത്തിൽ തടഞ്ഞു പോവുകയാണ്. അവളുടെ അവയവങ്ങളെല്ലാം നിശ്ചേഷ്ടമായി . പുലി മേൽപ്പുരയിലെക്ക് ചാടിക്കയറി കൊമ്പനാന പുലിയോട് തോറ്റു ,കാളൻ പട്ടിയുടെ അനക്കം ഇല്ല.  ശബ്ദം കേൾക്കാനില്ല പുലി വാതിൽ തകർത്തു കഴിഞ്ഞു. മണിയറയും തകർത്തു അവിടെ ചോര കൊണ്ട് പ്രളയം തന്നെ ഉണ്ടായി .

പിറ്റെ പ്രഭാതം ചോരയിൽ  മുങ്ങി ആണ് കാണപ്പെട്ടത് .തേന്മാവിൽ ഇരുന്ന് കാക്ക കരഞ്ഞു .ചെമ്പകപ്പൂവിന്റെ    ഗന്ധം കാറ്റിൽ തേങ്ങി നിന്നു .

Tuesday, November 22, 2011

അക്ബറും ഒരു ചുണക്കുട്ടനും - ഇന്ത്യന്‍ കഥ






            ഇന്ത്യ ഭരിച്ചിരുന്ന പ്രമുഖ മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഒരാള്‍ ആയിരുന്ന അക്ബര്‍, വേനല്‍ക്കാലത്ത് ഒരു ദിവസം നായാട്ടിനു പോയി.കൂടെ ഒരു സംഘം പരിചാരകരും ഉണ്ടായിരുന്നു. കാടു മുഴുവന്‍ തിരഞ്ഞിട്ടും ഒരൊറ്റ മൃഗത്തെ  പോലും കണ്ടില്ല. അനേകം മൈല്‍ കുതിരപ്പുറത്ത് യാത്ര ചെയ്തു. വല്ലാത്ത ക്ഷീണവും ദാഹവും കൊണ്ടു അക്ബറും സംഘവും തളര്‍ന്നു വാടി. അല്പം വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കില്‍! നാവു വറ്റി വരണ്ട അവര്‍ അവിടെയെല്ലാം വെള്ളത്തിനു വേണ്ടി തിരഞ്ഞു.
"ഏറ്റവും അടുത്ത ഗ്രാമത്തിലേക്ക് പോകാം." അവിടെ ഒരു കുളമെങ്കിലും കാണാതിരിക്കില്ല." അക്ബര്‍ പറഞ്ഞു. കുറെ ദൂരം പോയപ്പോള്‍ ഒരു ചുള്ളിക്കെട്ടും ചുമന്നു കൊണ്ടു നടന്നു വരുന്ന ഒരു ആണ്‍കുട്ടിയെ അവര്‍ കണ്ടു. അക്ബര്‍ കുട്ടിയോട് ചോദിച്ചു:
"ഞങ്ങള്‍ക്ക് കടുത്ത ദാഹം ഉണ്ട്;കുടിക്കാന്‍ കുറച്ചു വെള്ളം എവിടെ കിട്ടും? "
"എന്റെ വീടിനടുത്ത് ഒരു കുളം ഉണ്ട്. അങ്ങോട്ടുള്ള വഴി കാണിച്ചു തരാം." കുട്ടി മറുപടി പറഞ്ഞു.
കുതിരസ്സവാരിക്കാരുടെ വഴി കാട്ടിയാവാന്‍ ആ കുട്ടിക്ക്  വലിയ ഉത്സാഹം ആയിരുന്നു. ഒരാള്‍ ആ കുട്ടിയെ അയാളുടെ കുതിരപ്പുറത്ത് കയറ്റി. കുതിരകള്‍ കുളമ്പടി ശബ്ദം ഉയര്‍ത്തിക്കൊണ്ട് പാഞ്ഞു. അവര്‍ വേഗം കുളത്തിനരികില്‍ എത്തി.

കുളത്തില്‍ നിന്ന്‍ ആ കുട്ടി തന്നെ കുടിക്കുവാനുള്ള വെള്ളം കോരി ഏല്ലാവര്‍ക്കും കൊണ്ട് ചെന്ന്  കൊടുത്തു.
ഒരു പുഞ്ചിരിയോടെ അക്ബര്‍ക്ക് അവന്‍ വെള്ളം പകര്‍ന്നു കൊടുത്തപ്പോള്‍, കുട്ടിയോട് ചക്രവര്‍ത്തി ചോദിച്ചു:
"നിന്റെ പേരെന്താണ്?"
"നിങ്ങളുടെ പേരെന്താണ്?" -കുട്ടി തിരിച്ച് അങ്ങോട്ടൊരു ചോദ്യം.!
അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് അക്ബര്‍ ഞെട്ടിപ്പോയി.അദ്ദേഹത്തിന്റെ മനസ്സിലെ വികാരം മുഖത്തും പ്രതിഫലിച്ചു.
ചക്രവര്‍ത്തിയുടെ മുഖം കൂടുതല്‍ ഗൌരവം പൂണ്ടു.  "ഞാന്‍ ആരാണ് എന്ന്‍ അറിയാമോ?" കൂടുതല് ഉയര്‍ന്ന സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.
കുട്ടി ഒട്ടും കൂസല്‍ കൂടാതെ ചിരിച്ചു കൊണ്ടു മറ്റൊരു ചോദ്യം തൊടുത്തു വിട്ടു.   "ഈ ഗ്രാമത്തിലെ ബ്രാഹ്മണ പുരോഹിതനെ നിങ്ങള്‍ക്കറിയാമോ?"   "എനിക്ക് അറിയില്ല" അക്ബര്‍ പറഞ്ഞു.
"അതെ മറുപടിയാണ് എനിക്കും നിങ്ങളോട് പറയാനുള്ളത്." ആ കുട്ടി തന്റെടത്തോടെ മറുപടി പറഞ്ഞു.

     എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാന്‍ പരിചാരകര്‍ ആകാംക്ഷയോടെ കാത്തുനിന്നു. പെട്ടെന്ന് കാര്‍മേഘം മാറിയ ആകാശം പോലെ അക്ബറുടെ മുഖം തെളിഞ്ഞു. അദ്ദേഹം ചിരിച്ചു; തന്റെ മോതിരം ഊരി കുട്ടിക്ക് കൊടുത്തു; എന്നിട്ട് പറഞ്ഞു: " ഞങ്ങള്‍ക്ക് വെള്ളം തന്നതിനും ചുണയായി സംസാരിച്ചതിനും ഇതിരിക്കട്ടെ. ഞാന്‍ ആരാണ് എന്ന്‍ ആ മോതിരം സംസാരിക്കും."
കുട്ടി മോതിരം തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ അക്ബറും സംഘവും കുതിരപ്പുറത്ത് കയറിക്കഴിഞ്ഞു. മിന്നിത്തിളങ്ങുന്ന ഒരു മാണിക്യക്കല്ല് പതിച്ച ആ മോതിരത്തില്‍ ഇങ്ങനെ എഴുതിയിരുന്നു."അക്ബര്‍" !  കുട്ടി അദ്ഭുതത്തോടെ അക്ബര്‍ ചക്രവര്‍ത്തിയെ നോക്കി പകച്ചു നിന്നു.  പ്രായമാകുമ്പോള്‍ നീ ദല്‍ഹിയിലെ എന്റെ കൊട്ടാരത്തില്‍ വരണം. ആ മോതിരം കാണിച്ചാല്‍ നിനക്ക് അതിനകത്ത് പ്രവേശിക്കാം. എന്നെ കാണുകയും ചെയ്യാം."
ഇത്രയും പറഞ്ഞു കൊണ്ട് അക്ബര്‍ കുതിരയെ ഓടിച്ചു കൊണ്ട് സ്ഥലം വിട്ടു.പിന്നാലെ കുതിര സംഘവും. അപ്പോഴാണ്‌ കുട്ടി ഒരു കാര്യം ഓര്‍ത്തത്. തന്റെ പേര് അദ്ദേഹത്തോട് പറഞ്ഞില്ലല്ലോ എന്ന്. അവന്‍ പിറകേ ഓടി. "എന്റെ പേര് മഹേഷ്‌ ദാസ് എന്നാണ്‌ .......മഹേഷ്‌ ദാസ്!"
ആര് കേള്ക്കാനാണ്? കുതിരകളുടെ കുളമ്പടി ശബ്ദത്തില്‍ കുട്ടി വിളിച്ചു പറഞ്ഞത് ആരും കേട്ടില്ല.!
*********************
മഹേഷിനു പതിനാറു വയസ്സായപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തിയെ കാണാന്‍  ഡല്‍ഹിയില്‍    എത്തി. കൊട്ടാരവാതിലില്‍ നിന്ന കാവല്‍ക്കാരനെ അയാള്‍ സമീപിച്ചു. അക്ബര്‍ തന്റെ ഗ്രാമത്തില്‍ വന്ന കഥ അയാള്‍ കാവല്‍ക്കാരനെ പറഞ്ഞു കേള്‍പ്പിച്ചു. അക്ബര്‍ തനിക്ക് ഒരു മോതിരം തന്നിരുന്നുവെന്നും മഹേഷ്‌ പറഞ്ഞു. " ആ മോതിരം എവിടെ?" കാവല്‍ക്കാരന്‍ ചോദിച്ചു.
ഞാന്‍ പോരുമ്പോള്‍ അമ്മയുടെ പക്കല്‍ ഒന്നുമില്ലായിരുന്നു. എന്തെങ്കിലും കൊടുത്തിട്ട്  പോരണം   എന്ന് തോന്നി.  മോതിരം ഊരി അമ്മയ്ക്ക് കൊടുത്തു." മഹേഷ്‌ മറുപടി പറഞ്ഞു.   ആ സമയത്ത് രണ്ടു കുതിരസ്സവാരിക്കാര്‍ ആ വഴി വന്നു. അവര്‍ അക്ബറിന്റെ നായാട്ടു സംഘത്തില്‍ പെട്ടവരായിരുന്നു.കാവല്‍ക്കാരന്‍ അവരെ വിളിച്ചു വരുത്തി. അവര്‍ മഹേഷിനെ തിരിച്ചറിഞ്ഞു.അങ്ങനെ മഹേഷ്‌ കൊട്ടാരത്തില്‍ പ്രവേശിച്ചു.
കൊട്ടാരം മഹേഷിനു ഒരു അദ്ഭുത ദര്‍ശനം ആയിരുന്നു. വിശാലസുന്ദരമായ കൊട്ടാരത്തിലൂടെ നടന്നു നടന്നു അക്ബറിന്റെ സദസ്സില്‍ ചെന്നെത്തി. മഹേഷ്‌ അവിടെ ഒരു കസേരയില്‍ ഇരുന്നു.അക്ബര്‍  സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഒരു സിംഹാസനത്തില്‍ ഇരിക്കുന്നു. മുന്‍പില്‍ ഇരിക്കുന്ന സദസ്സിനോട് അക്ബര്‍ ഒരു ചോദ്യം: "ലോകത്തിലെ ഏറ്റവും സുന്ദരമായ പുഷ്പം ഏതാണ്‌?"
പലരും പല പേരുകള്‍ പറഞ്ഞു.: "പനിനീര്‍പ്പൂ"  , "ചെന്താമരപ്പൂ" ,ചെമ്പകപ്പൂ" ....."മുല്ലപ്പൂ  "
അവസാനം മഹേഷിനും പറയാനുള്ള അവസരം കിട്ടി. മഹേഷ്‌ പറഞ്ഞു. :
എന്റെ അഭിപ്രായത്തില്‍ വെളുത്ത പഞ്ഞിയാണ്(Cotton) ഏറ്റവും നല്ല പൂവ് "
"ഓ! വെളുത്ത പഞ്ഞി! സദസ്യര്‍ ഉച്ചത്തില്‍ ചിരിച്ചു കളിയാക്കി. "അത് കാണാന്‍ സൌന്ദര്യം ഉള്ളതല്ല. അതിനു മണവും ഇല്ല.! അവര്‍ ഏകസ്വരത്തില്‍ വിളിച്ചു പറഞ്ഞു.
ബഹളം അടങ്ങിയപ്പോള്‍ അക്ബര്‍ ചോദിച്ചു.:"പഞ്ഞി എന്ന് പറയാന്‍ കാരണമെന്താണ്?. വിശദീകരിക്കാമോ?"
മഹേഷ്‌ വീണ്ടും എഴുന്നേറ്റു പറഞ്ഞു. "പ്രഭോ! പഞ്ഞിയില്‍ നിന്നു അങ്ങയുടെ രാജ്യത്തെ സുപ്രസിദ്ധ തുണിത്തരങ്ങള്‍ നെയ്തെടുക്കുന്നു. മസ്ലിനും വോയിലും അത് നല്‍കുന്നു. അവ ഇളം കാറ്റിനെ പോലെ ലോലവും മഴവിലിനെ പോലെ സുന്ദരവും ആണ്. മറ്റേതൊരു പൂവിനെക്കാളും പഞ്ഞിക്ക് ഞാന്‍ മേന്മ നല്‍കുന്നു.
വിശദീകരണം അക്ബറിന് ഇഷ്ടപ്പെട്ടു. അക്ബര്‍ ചോദിച്ചു. "നിങ്ങളുടെ പേരെന്താണ്?  എവിടെ നിന്നു വരുന്നു?"
"എന്റെ പേര് മഹേഷ്‌ എന്നാണ് .ഏഴു കൊല്ലം മുന്‍പ്‌ നായാട്ടു സഞ്ചാരത്തിനിടയ്ക്ക് അങ്ങ് എന്റെ ഗ്രാമത്തില്‍ വന്നു. ദാഹിച്ചു വലഞ്ഞ അങ്ങയുടെ സംഘത്തിനു ഗ്രാമത്തിലെ കുളത്തില്‍ നിന്ന്‍ കുടിക്കാനുള്ള വെള്ളം ഞാന്‍ കോരിത്തന്നു. അങ്ങ് അന്ന് എനിക്കൊരു മോതിരം സമ്മാനമായി തന്നു. പ്രായമാകുമ്പോള്‍ ഞാന്‍ ഇവിടെ വരണം എന്ന് അങ്ങ് പറഞ്ഞിരുന്നു."
അക്ബര്‍ ചിരിച്ചു. "ഞാന്‍ ഓര്‍ക്കുന്നു" അന്നത്തെ ചുണക്കുട്ടനെ അക്ബര്‍ ഓര്‍ത്തു.
"നിങ്ങള്‍ വന്നതില്‍ എനിക്ക് സന്തോഷം ഉണ്ട്. ഇവിടെ നിങ്ങള്‍ക്ക് താമസിക്കാം. ഇന്ന് മുതല്‍ നിങ്ങളുടെ പേര് വീരബല്‍ എന്നായിരിക്കും. " അക്ബര്‍ പറഞ്ഞു.


അനുബന്ധം : ഇത്തവണ ഞാന്‍ കൂട്ടുകാര്‍ക്കായി കൊണ്ട് വന്നിരിക്കുന്നത് ഒരു പ്രസിദ്ധ ഇന്ത്യന്‍ കഥ ആണ്. കൊച്ചു കൂട്ടുകാര്‍ക്ക് ഇക്കഥ വായിച്ചു കൊടുക്കുമ്പോള്‍ അടിവരയിട്ട പദങ്ങളുടെ വിശദീകരണം കൂടെ അവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുമല്ലോ..!

Wednesday, July 27, 2011

കുപ്പയിൽ നിന്ന് ഒരു മാണിക്യം. സെൻ ബുദ്ധിസ്റ്റുകളുടെ കഥ.

ജപ്പാൻ ചക്രവർത്തിയുടെ ഗുരുവായിരുന്നു ഗുഡോ.കൊട്ടാരഗുരുവായിരുന്നെകിലും സാധാരണ ഭിക്ഷുക്കളെപ്പോലെ ഊരു ചുറ്റി നടക്കലും സദുപദേശങ്ങൾ കൊണ്ട് മറ്റുള്ളവരെ സഹായിക്കലിലുമായിരുന്നു അദ്ദേഹം ആനന്ദം കണ്ടെത്തിരുന്നത്.അക്കാലത്ത് ഒരു ദിവസം അദ്ദേഹം രാജ്യത്തെ ഒരു സാംസ്കാരിക നഗരമായ എഡൊയിലേക്ക് കാൽനടയായി യാത്ര പുറപ്പെട്ടു.വഴിമധ്യേയുള്ള ‘ടക്കാനക്ക“ ഗ്രാമത്തിൽ എത്തിയപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങിരുന്നു.അദ്ദേഹം അകെ നനഞ്ഞൊലിച്ചു.

കാലിലിട്ടിരുന്ന വൈക്കോൽ ചെരുപ്പ് നിശ്ശേഷം പിഞ്ഞിപ്പോവുകയും ചെയ്തു.വഴിയരികിൽ ഒരു കർഷകഭവനം കണ്ടു. അവിടെ നാലു ജോടി ചെരുപ്പുകൾ നിരത്തി വെച്ചിട്ടുണ്ട്. അതിലൊന്ന് വാങ്ങാനായി അദ്ദേഹം അവിടെ കയറിച്ചെന്നു.
നനഞ്ഞ വസ്ത്രങ്ങളുമായി കയറിച്ചെന്ന ആ ഭിക്ഷുവിനോട് പുണ്യവതിയായ ആ ഗൃഹനായികയ്ക്ക് അനുകമ്പ തോന്നി.അങ്ങ് ഇന്നിവിടെ വിശ്രമിച്ചിട്ട് പോവുക.”ഗൃഹനായിക പറഞ്ഞു.“
ഗുഡൊ ക്ഷണം സ്വീകരിച്ചു.അദ്ദേഹം പൂജാമുറിയിലേക്ക് കയറി. എല്ലാവരുടേയും നന്മയ്ക്ക് വേണ്ടി ബുദ്ധസൂക്തങ്ങൾ ഉരുവിട്ട് പ്രാർത്ഥിച്ചു.ഗൃഹനായിക തന്റെ അമ്മയെയും കുട്ടികളേയും ആ മുറിയിൽ കൊണ്ട് ചെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തി.
”നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് വിഷാദം കാണുന്നത് എന്ത് കൊണ്ടാണ്‌? ഗുഡൊ തിരക്കി.
ഗൃഹനായിക-“എന്റെ ഭർത്താവ്‌ ഒരു കുടിയനും ചൂതാട്ടക്കാരനുമാണ്‌.ചൂതുകളിയിൽ ജയിച്ചാൽ കുടിയും വഴക്കും തന്നെയുമായിരിക്കും. തോറ്റാലും വാങ്ങിക്കുടിക്കും.പല ദിവസങ്ങളിലും ബോധമില്ലാതെ ഓടയിൽ വീഴും; അവിടെ കിടക്കും.ഞങ്ങൾ എന്ത് ചെയ്യാനാണ്‌?”
ഗുഡൊയ്ക്ക് സഹതാപം തോന്നി.കുറെ പണം ഗൃഹനായികയുടേ കയ്യിൽ ഏല്പ്പിച്ചിട്ട് അദ്ദേഹം പറഞ്ഞു: ’ഞാൻ ഒരു ശ്രമം നടത്തി നോക്കട്ടെ.ഒരാൾക്ക് കുടിക്കാൻ വേണ്ടത്ര നല്ല വീഞ്ഞും മൽസ്യവും ഇവിടെ വാങ്ങി വെച്ചിട്ട് നിങ്ങൾ കിടന്നുറങ്ങിക്കൊള്ളണം.ഞാൻ ഈ വാതിലിനടുത്ത് തന്നെ ധ്യാനത്തിലിരുന്ന് കൊള്ളാം.“
നേരം പാതിരാവായി. ഗൃഹനാഥൻ കുടിച്ച് വെളിവില്ലാതെ അവിടെ കയറി വന്നു. ”എടീ ,ഞാൻ വിശന്നു വലഞ്ഞു. തിന്നാനോ കുടിയ്ക്കാനോ വല്ലതുമുണ്ടോ?“
ഗുഡൊ വാതില്ക്കൽ നിന്നെണീറ്റ് അയാളുടെ അടുത്ത് ചെന്ന് സാവധാനത്തിൽ പറഞ്ഞു: ”സ്നേഹിതാ, മഴ നനഞ്ഞു മടുത്തപ്പോൾ ഞാൻ ഇവിടെ കയറി വന്നതാണ്‌.നിങ്ങളുടെ ഭാര്യയ്ക്ക് ദയവ് തോന്നി ഇന്നു രാത്രി ഇവിടെ താമസിയ്ക്കുവാൻ അനുവാദം തന്നു.അതിന്റെ പാരിതോഷികമായി ഞൻ ഇവിടെ കുറെ നല്ല വീഞ്ഞും മൽസ്യവും വരുത്തി വെച്ചിട്ടുണ്ട്.അത് വേണ്ടുവോളം കഴിയ്ക്കാം.“
വീട്ടുകാരൻ സന്തോഷം കൊണ്ട് മതി മറന്നു.അയാളുടെ മുഖത്ത് ചിരി വിടർന്നു.അയാൾ മദ്യവും മൽസ്യവും ഇഷ്ടം പോലെ കഴിച്ചു.അവസാനം ബോധം കെട്ട് ഇരുന്നിടത്ത് തന്നെ തറയിൽ വീണു.അവിടെ ധ്യാനത്തിലിരുന്ന ഗുഡോയുടെ ഒരു വശം ചേർന്നു തന്നെ കിടന്നുറക്കമായി.
രാവിലെ പിടഞ്ഞെഴുനേറ്റ് നോക്കുമ്പോൾ ഗുഡൊ തന്റെയടുത്ത് ധ്യാനത്തിലിരിയ്ക്കുന്നതാണ്‌ കണ്ടത്. രാത്രിയിൽ നടന്നതൊന്നും അയാൾക്ക് ഓർമ്മയില്ല.രാവിലെ സുബോധത്തിൽ ആയിരുന്നത് കൊണ്ട് ഗുഡൊയെ നമസ്കരിച്ചിട്ട് അദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങളന്വേഷിച്ചു.”ചക്രവർത്തി തിരുമേനിയുടെ ഗുരുവാണ്‌ തന്റെ അതിഥി! ആ മഹാഗുരുവിനോടാണ്‌ താൻ മൽസ്യവും വീഞ്ഞും വാങ്ങിപ്പിച്ചത്.‘
അയാൾക്ക് പരിഭ്രാന്തിയും വെപ്രാളവുമായി.പശ്ചാത്താപം കൊണ്ട് കണ്ണുകൾ നിറഞ്ഞു.ലജ്ജാവിവശനായി തല താഴ്ത്തി.“മഹാഗുരോ! ക്ഷമിക്കണം”.അയാൾ കേണു വീണപേക്ഷിച്ചു.ഗുഡോ ശാന്തഗംഭീരനായി മന്ദസ്മിതം തൂകി.“സ്നേഹിതാ,ദു:ഖിയ്ക്കണ്ട.ഈ ജീവിതം ക്ഷണഭംഗുരമാണ്‌.നമുക്ക് ജീവിക്കാൻ കിട്ടിയിരിക്കുന്ന ഏതാനും നാളുകൾ മദ്യപിച്ചും ചൂതാടിയും വെറുതേ കളയാനുള്ളതാണോ? അങ്ങനെ ചെയ്താൽ നാം ജീവിച്ചില്ലെന്നല്ലേ അതിന്റെ അർത്ഥം?നിങ്ങൾ സ്വന്തം ജീവിതത്തിന്‌ വേണ്ടി ഒന്നും ചെയ്തിട്ടില്ല.പരസ്നേഹത്തെപ്പറ്റി ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.നിങ്ങളുടെ കുടുംബാംഗങ്ങൾ എത്ര ദു:ഖത്തിലും നിരാശയിലുമാണ്‌ കഴിയുന്നത്!”
കെടുന്ന ദീപത്തിന്റെ തിരി വിരൽ കൊണ്ട് കയറ്റുമ്പോൾ കൂടുതൽ പ്രകാശമാനമായി ജ്വലിയ്ക്കുന്നത് പോലെ അവന്റെ വിവേകശക്തി പൊടുന്നനെ ഉണർന്നു!ഒരുറക്കത്തിൽ നിന്നുണരുന്നവനെപ്പോലെ അവനു സ്വയം തോന്നി.ഗുഡൊയെ താണു വണങ്ങിക്കൊണ്ട് അവൻ അപേക്ഷിച്ചു.:“അങ്ങ് എന്നെ ഒരു എളിയ ശിഷ്യനായി സ്വീകരിയ്ക്കണം.”
ഗുഡൊ കർഷകഭവനത്തിൽ നിന്ന് യാത്ര പറഞ്ഞ് പുറപ്പെട്ടു.വീട്ടുകാരൻ ഗുരുവിന്റെ ചെറിയ ഭാണ്ഡം എടുത്ത് കൊണ്ട് അനുയാത്ര ചെയ്തു.അല്പദൂരം നടന്നപ്പോൾ ഗുഡോ പറഞ്ഞു.“ഇനി നിങ്ങൾക്ക് മടങ്ങിപ്പോകാം.”
ഗൃഹനായകൻ :ഗുരോ! അങ്ങ് ഈ എളിയവന്‌ നല്കിയ ഉപദേശം വില തീരാത്തതാണ്‌തിനുള്ള നന്ദി സൂചകമായി ഞാൻ അഞ്ചു മൈൽ കൂടി കൂടെ നടന്നു കൊള്ളട്ടെ?“
ഗുഡൊ സമ്മതിച്ചു. ”അഞ്ചു മൈൽ നടന്നു കഴിഞ്ഞപ്പോൾ “പത്തു മൈൽ കൂടെ അങ്ങയെ അനുഗമിക്കുവാൻ സമ്മതിക്കണമെന്ന്” അയാൾ അഭ്യർത്ഥിച്ചു.പത്ത് മൈൽ കൂടി നടന്നു കഴിഞ്ഞപ്പോൾ ഗുരു പറഞ്ഞു.:‘ഇനി നിങ്ങൾ മടങ്ങിപ്പോയേ തീരൂ“ നിർബന്ധമാണ്‌”
വീട്ടുകാരന്റെ മറുപടി ഇതായിരുന്നു.:“ഗുരോ, ക്ഷമിയ്ക്കണം. ഞാൻ അങ്ങയുടേ ശിഷ്യനായത് മടങ്ങിപ്പോകാനല്ല.മടങ്ങിപ്പോവുകയില്ലെന്ന് മാത്രമല്ല.ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കുക പോലുമില്ല”
ഗുഡൊയുടെ ഈ ശിഷ്യനാണ്‌ ജപ്പാനിൽ “തിരിഞ്ഞു നോക്കാത്ത ഗുരു” എന്ന പേരിൽ പില്ക്കാലത്ത് പ്രശസ്തനായ ’മൂ-നാൻ‘.കടന്നു പോയ ’തിന്മ‘ കളിലേക്കൊന്നും അയാൾ തിരിഞ്ഞു നോക്കിയില്ല.മുന്നിൽ ചെയ്തു തീർക്കാൻ വേണ്ടത്ര നന്മ ബാക്കിയുണ്ടല്ലോ.